വെള്ളിയാഴ്‌ച, മാർച്ച് 04, 2011

കുഞ്ഞാപ്പുവിന്റെ കല്ല്യാണ മോഹം


വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ കാടു വെട്ടിക്കൊണ്ടിരിക്കുകയാണ് കുഞ്ഞാപ്പുവും പിതാവും. സ്വതവേ കർക്കശ സ്വഭാവക്കാരനും മക്കളോട് തുറന്നു സംസാരിക്കുകയും ഇടപഴകുകയും ചെയ്താൽ ബാപ്പ എന്ന നിലക്ക് ലഭിക്കേണ്ട ബഹുമാനവും സ്വന്തം നെലയും വെലയും നഷ്ടപ്പെടും എന്ന ചിന്താഗതിക്കാരനുമാണ് കുഞ്ഞാപ്പുവിന്റെ പിതാവ്. പത്തോ നൂറോ കൊടുത്തിട്ടെങ്കിലും അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കാണണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങൾ നാട്ടുകാർ, പക്ഷെ ആ സൌഭാഗ്യം നാട്ടുകാർക്കുണ്ടായിട്ടില്ല. എപ്പോഴും അടക്കാകുണ്ടിലെ ആകാശം പോലെ മഴക്കാറ് മൂടിയ മുഖമായിരുന്നു അദ്ദേഹത്തിന്.
കുഞ്ഞാപ്പു നിശബ്ദനായി മുന്നേറുകയാണ്, മുന്നിൽ കാണുന്ന ഓരോ കമ്മ്യൂണിസ്റ്റപ്പയും നിഷ്കരുണം വെട്ടി വീഴ്ത്തികൊണ്ടിരിക്കുന്നു. താഴത്തെ പ്ലാറ്റുഫോമിൽ ബാപ്പയും നല്ല ഫോമിൽ തന്നെ. ഇരുവർക്കുമിടയിൽ ഒരു ശ്മശാന മൂകത ഉറഞ്ഞു കിടക്കുന്നുണ്ടെങ്കിലും കത്തി കമ്മ്യൂണിസ്റ്റപ്പയിൽ ചെന്നു പതിക്കുന്ന ശബ്ദം പശ്ചാത്തലത്തിൽ കേൾക്കാം. കുഞ്ഞാപ്പു ബാപ്പാനോടോ, ബാപ്പ കുഞ്ഞാപ്പുവിനോടോ ഒന്നും തന്നെ ഉരിയാടുന്നില്ല. ഇരുവരേയും ശരിക്കറിയുന്ന നാട്ടുകാർക്ക് അതിലൊട്ട് അതിശയവുമില്ല. ഇരുവരുടെയും വെട്ടി വീഴ്ത്തൽ കർമ്മം മത്സരബുദ്ധിയോടെ തുടർന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പിന്നിൽ നിന്നുള്ള വിളി കുഞ്ഞാപ്പു കേട്ടത്. “കുഞ്ഞാപ്പ്വോ...” തിരിഞ്ഞ് നോക്കുമ്പോൾ ബാപ്പയാണ്. വളരെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യമാകും, അല്ലെങ്കിൽ ബാപ്പ ഇങ്ങനെ വിളിച്ച് ജോലി സമയം നഷ്ടപ്പെടുത്തില്ല. കുഞ്ഞാപ്പു എന്തേ എന്ന അർഥത്തിൽ തലപൊക്കി നിവർന്നു നിന്നു. ബാപ്പ പതിവിൽ കവിഞ്ഞ സൌമ്യതയോടെ “ ഞമ്മക്കൊരു പെണ്ണിനെ വേണ്ടീർന്നല്ലോ...” ബാപ്പാന്റെ സംസാരം കേട്ട കുഞ്ഞാപ്പുവിന്റെ മനസ്സിൽ ഒരായിരം കമ്പിത്തിരികൾ ഒന്നിച്ചു കത്തി, രണ്ടായിരം അമിട്ടുകൾ ഇടതടവില്ലാതെ പൊട്ടി. സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ എന്നു പറഞ്ഞ് തുള്ളിച്ചാടാൻ തോന്നിയെങ്കിലും ബാപ്പാനെ ശരിക്കറിയാവൂന്നതുകൊണ്ട് മനസ്സിൽ ചെറുതായൊന്നു ചാടി സന്തോഷം പ്രകടിപ്പിച്ചു. പ്ത്തൊമ്പത് - ഇരുപത് വയസ്സെ കുഞ്ഞാപ്പുവിനായിട്ടൊള്ളുവെങ്കിലും, വീട്ടിൽ വല്ല്യുമ്മയും അമ്മായിയും ഒക്കെ ഒരുമിച്ച് കൂടുമ്പോൾ പല നാട്ടു വർത്തമാനങ്ങളും പറയുന്നതിനിടക്ക് തന്റെ ‘പെണ്ണ്കെട്ടൽ’ വിഷയവും സംസാരിക്കുന്നത് കുഞ്ഞാപ്പു ഉൾകുളിരോടെ കേട്ടിരിക്കാറുണ്ട്. അതിനെ അടിസ്ഥാനമാക്കി ഒരുപാട് പകൽ കിനാവും രാത്രി കിനാവും പുലർച്ച കിനാവുമൊക്കെ കണ്ടിട്ടുണ്ട്. ഭാവി നാരിയെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങളും മനസ്സിൽ നെയ്ത്കൂട്ടിയിട്ടുണ്ട്. പെണ്ണ്കാണൽ ചടങ്ങിൽ നാണിച്ച് മുഖം താഴ്ത്തി കാൽ വിരൽ കൊണ്ട് നിലത്ത് ചിത്രം വരച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയോട് ചോദിക്കേണ്ട പല കാര്യങ്ങളും മനസ്സിൽ ഓരുപാടാവർത്തി ചോദിച്ചിട്ടുണ്ട്.
....എന്നാലും ബാപ്പ... അതും തന്റെ ബാപ്പ... അതും തന്നോട് നേരിട്ടിങ്ങനെ കല്ല്യാണക്കാര്യം സംസാരിക്കുമെന്ന് താൻ പലപ്പോഴായി കണ്ട സ്വപ്നത്തിൽ പോലും കരുതിയതല്ല... നിമിഷങ്ങൾക്കുള്ളിൽ ഇങ്ങനെ ഒരുപാട് ചിന്തകൾ കുഞ്ഞാപ്പുവിന്റെ മനസ്സിൽ പൊട്ടിക്കൊണ്ടിരിക്കുന്ന അമിട്ടുകൾക്കും കത്തിക്കൊണ്ടിരിക്കുന്ന കമ്പിത്തിരികൾക്കുമിടയിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു... തന്റെ ബാപ്പ വല്ലാത്തൊരു ബാപ്പ തന്നെ... ബാപ്പ ആരാ മോൻ... ബാ‍പ്പാനെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്താലൊ എന്നൊക്കെ ആലോചിച്ചെങ്കിലും തന്റെ സ്വന്തം ബാപ്പയായതുകൊണ്ടും ബാപ്പാനെ ശരിക്കറിയാവുന്നതുകൊണ്ടും വേണ്ടെന്നു വെച്ചു. ബാപ്പ എവിടെയങ്കിലും പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ടോ ആവോ... ബാപ്പാന്റെ അടുത്ത ഡയലോഗിനായി പുതുമണവാളന്റെ നാണത്തോടെ കുഞ്ഞാ‍പ്പു തലകുനിച്ച് നിന്നു.
ഇമ്പമാർന്ന ചിന്തകളാൽ കുളിരു കോരുന്ന മനസ്സിലേക്ക് തിളച്ചുമറിയുന്ന ചുടുവെള്ളമൊഴിക്കുന്നതുപോലെയാണ് ബാപ്പാന്റെ അടുത്ത ഡയലോഗ് കുഞ്ഞാപ്പു കേട്ടത്. “ഞമ്മക്ക് ഈ റബ്ബറിന്റെ മൊരട്ടുള്ള പുല്ലൊക്കെയൊന്നു ചെത്തിക്കണം... പിന്നെ കൊറച്ച് വളപ്പൊടീം ഇടണം പണിക്ക് പോണ പെണ്ണുങ്ങളൊക്കെ ഇപ്പൊ വല്ല്യ തെരക്കിലാ... ആരെയാപ്പൊ ഞമ്മളെ പണിക്ക് കിട്ട്വാ...” ബാപ്പ പറഞ്ഞത് മുഴുവൻ കുഞ്ഞാപ്പു കേട്ടില്ല. മനസ്സിൽ സന്തോഷത്താൽ പൊട്ടിക്കൊണ്ടിരിക്കുന്ന അമിട്ടുകൾക്കിടയിലേക്ക് കൂറ്റൻ പേമാരി പെയ്തിറങ്ങി എല്ലാം നനഞ്ഞതുപോലെയാണു കുഞ്ഞാപ്പുവിനു തോന്നിയത്. സങ്കല്പത്തിലെ പുതുമണവാട്ടിയുടെ മുഖം മനസ്സിൽ നിന്നും മാഞ്ഞുപോയി പകരം നാട്ടിലെ പണിക്കാരികളായ പെണ്ണുങ്ങളുടെ രൂപം തെളിഞ്ഞ് വരാൻ തുടങ്ങി. കൂലിപ്പണിക്ക് പെണ്ണുങ്ങളെ കിട്ടാനുള്ള പ്രയാസത്തെ കുറിച്ചും വർദ്ധിച്ച കൂലിയെപ്പറ്റിയുമൊക്കെ ബാപ്പ പറഞ്ഞുകൊണ്ടിരിക്കുന്നത് കുഞ്ഞാപ്പു കേട്ടില്ല. മങ്ങിയ കാഴ്ചയിലും നിവർന്നു നിൽക്കുന്ന കമ്മ്യൂണിസ്റ്റപ്പകളെ കുഞ്ഞാപ്പു കണ്ടു... കത്തിയെടുത്ത് ആഞ്ഞു വെട്ടി.. വീണ്ടും... വീണ്ടും...!!!

3 അഭിപ്രായങ്ങൾ:

  1. ചെക്കന്റെ വയസ്സ് പറഞ്ഞപ്പോള്‍ കഥ പാളി.
    മറ്റൊരു പണിക്കാരനോട്‌
    ബാപ്പ പറയു ന്നത് അവനെ കേള്‍പ്പിച്ചാല്‍ മതിയായിരുന്നു
    എന്ന് എന്റെ അഭിപ്രായം

    കറുത്തേനിക്കാരാ കുറെ എഴുതുക
    ഇനിയുമേറെ ശരിയാവാനുണ്ട് .

    ഒരയല്‍വാസി

    മറുപടിഇല്ലാതാക്കൂ
  2. @OAB/ഒഎബി: വായിച്ച് ഉപദേശം നൽകിയതിനു വളരെ നന്ദി. എഴുതി ശീലിക്കാത്ത ഒരു തുടക്കക്കാരനാണ് . ഒരു സുഹൃത്തിന്റെ അനുഭവമാണ്, വയസ്സിൽ മാറ്റം വരുത്തിയിട്ടില്ല... ഇനിയും ഉപദേശങ്ങൾ നൽകുമല്ലൊ...

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം കര്‍ത്തേനിക്കാരാ
    ഞാനും നിങ്ങളെ അടുതുള്ള ഒരാളാണ്, അമരമ്പലം ,ശാന്തിയില്‍,
    എഴുത്ത് കൊള്ളാം, കഴിവുണ്ട്
    ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ